
തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്ന് യുവാക്കളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശി ജിതിൻ (27), തിരുവനന്തപുരം തുരുവിക്കൽ സ്വദേശി ശ്യാംകുമാർ (26), നെയ്യാറ്റിൻകര പെരുമ്പഴത്തൂർ സ്വദേശി ദീപു (27) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു സംഭവം. ചുള്ളിമാനൂർ സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തിനെ ആക്രമിച്ചതിൽ നേരത്തെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച വഴിയിൽ വച്ചു കണ്ട ഇവർ യുവാക്കളെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam