
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഒരു കോടി പത്ത് ലക്ഷം രൂപയോളം വിലവരുന്നതാണ് ഈ സ്വർണമെന്നാണ് വിവരം. ഇന്ന് രാവിലെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്ന കുറ്റിയാടി സ്വദേശി ആദിലിൽ നിന്നാണ് 860 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വടകര സ്വദേശി ഹാരിസിൽ നിന്ന് 895 ഗ്രാം സ്വർണം പിടികൂടി. ഇതേ വിമാനത്തിൽ വന്ന കൽപ്പറ്റ സ്വദേശി ഇല്യാസിൽ നിന്ന് 428 ഗ്രാമും സ്വർണ്ണ മിശ്രിതവും പിടികൂടുകയായിരുന്നു.
ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. 1163 ഗ്രാം (ഒരു കിലോ 163 ഗ്രാം) സ്വർണവുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഷാർജയിൽ നിന്നും വന്ന അബ്ദുൾ സലീമാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ കൊണ്ടുവന്നത്.
വിവാഹം ശരിയായില്ല; കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു
പാലക്കാട് പട്ടാമ്പിയിൽ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ വൈരാഗ്യത്തിൽ കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു. വണ്ടുംന്തറ സ്വദേശി അബ്ബാസാണ് മരിച്ചത്. പ്രതി ചെർപുളശ്ശേരി സ്വദേശി മുഹമ്മദലിയെ കൊപ്പം പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വിവാഹം ശരിയാക്കാം എന്ന് പറഞ്ഞ് കല്യാണ ബ്രോക്കറായ അബ്ബാസ്, മുഹമ്മദാലിയിൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ വിവാഹം തരപ്പെട്ടില്ല. പണം തിരികെ നൽകിയതുമില്ല. ഇതിൽ പ്രകോപിതനായ പ്രതി, രാവിലെ അബ്ബാസിന്‍റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പിന്നാലെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം.
ഓട്ടോറിക്ഷയിലാണ് പ്രതി മുഹമ്മദാലി, ബ്രോക്കറായ അബ്ബാസിന്‍റെ വീട്ടിലെത്തിയത്. അബ്ബാസിനെ കൊലപ്പെടുത്തിയ ശേഷം വന്ന ഓട്ടോറിക്ഷയിൽ തന്നെ മുഹമ്മദാലി ഇവിടെ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പട്ടാമ്പിക്കടുത്ത് മുളയങ്കാവിൽ വെച്ച് ഇയാൾ പിടിയിലായി. കൊപ്പം പൊലീസാണ് പ്രതിയെ പിടികൂടിയത്. അബ്ബാസും മുഹമ്മദാലിയും തമ്മിൽ രണ്ടു ദിവസമായി തർക്കം ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്റെ തുടർച്ചയാണ് ഇന്നും സംഘർഷവും കൊലപാതകവും നടന്നത്. അബ്ബാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam