
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മൂന്ന് മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്.
വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam