
മലപ്പുറം: ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മലപ്പുറം ജില്ലയിലെ പത്തപ്പിരിയം റബ്ബർ ഉത്പാദക സംഘത്തിന്റെ റബ്ബർ പാൽ സംസ്ക്കരണ കേന്ദ്രത്തിലെ ബയോഗ്യാസ് പ്ലാന്റിലാണ് അപകടമുണ്ടായത്. പ്ലാന്റ് സ്ഥാപിച്ച കമ്പനിയിലെ തൊഴിലാളികളായ ചുങ്കത്തറ സ്വദേശി ജോമോൻ, ഉപ്പട സ്വദേശി വിനോദ് ,ബീഹാർ സ്വദേശി അജയകുമാർ എന്നിവരാണ് മരിച്ചത്.
രണ്ട് പേർ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്ലാന്റ് വ്യത്തിയാക്കാനായി ജോമോനും അജയകുമാറും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ശ്വാസം മുട്ടി ഇരുവരും കുഴഞ്ഞു വീണതു കണ്ട വിനോദ് ഇവരെ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും, ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
അപകടം കണ്ട് പുറത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ സംഭരണ കേന്ദ്രത്തിലെ തൊഴിലാളികൾ ഓടിയെത്തി മൂന്നു പേരേയും പുറത്തെത്തിച്ചു. അപ്പോഴേക്കും ജോമോനും, അജയകുമാറും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ റബ്ബർ സംഭരണ കേന്ദ്രത്തിനും പ്ലാന്റ് നിർമ്മിച്ച ഏജൻസിക്കും ലൈസൻസ് ഉള്ളതായാണ് പൊലീസിന് കിട്ടിയ വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam