
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം. റിയാസ്,രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരിച്ചിലിൽ ആണ് റിയാസിന്‍റെ മൃതദേഹം കിട്ടിയത്. മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംസ്ഥാനത്ത് മഴ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.
മലപ്പുറം ജില്ലയിൽ മിക്കയിടത്തും ചാറ്റൽ മഴ പെയ്യുന്നുണ്ട് . ഇന്നലെ രാത്രി ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചു. നദികളിലെ ജലനിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. അങ്ങാടിപ്പുറം വില്ലേജിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലത്ത് കിഴക്കേമുക്ക് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ഒരു കുടുംബത്തെ അടുത്തുള്ള ഒരു സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപാർപ്പിച്ചു. നിലമ്പൂരിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ മുന്നറിയിപ്പ് ,7 നദികളിൽ പ്രളയസാധ്യത-കേന്ദ്രജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam