പന്തീരാങ്കാവ് യുഎപിഎ കേസ്; മാധ്യമപ്രവർത്തകനടക്കം മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു

By Web TeamFirst Published May 1, 2020, 3:44 PM IST
Highlights

വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്. 

പന്തീരാങ്കാവ്  കേസില് എൻഐഎ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്.  കൊച്ചിയിലെ എന് ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചു. കൂടുതല് പ്രതികള്ക്കായി അന്വേഷണം തുടരുന്നുവെന്നും എന് ഐ എ കുറ്റപത്രത്തില് പറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്.

ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു


 

click me!