കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്; മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം

By Web TeamFirst Published Jul 3, 2020, 9:15 PM IST
Highlights

ഷംന കാസിമിന്‍റെ വീട്ടിൽ സിനിമ നിര്‍മ്മാതാവിന്‍റെ  പേരിൽ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊച്ചി: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപ കെട്ടിവെക്കുകയും പ്രതികള്‍ കേരളം വിട്ട് പോകുകയും ചെയ്യരുത്. പാസ്‍പോര്‍ട്ട് പിടിച്ച് വെക്കുകയും ചെയ്യും. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും പ്രതികൾ ഹാജരാകണം. 

അതേസമയം ഷംന കാസിമിന്‍റെ വീട്ടിൽ സിനിമ നിര്‍മ്മാതാവിന്‍റെ  പേരിൽ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തൽ പണിക്കാരൻ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 20 നാണ് ഷംന കാസിമിന്‍റെ വീട്ടിൽ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിർമ്മാതാവ് ജോണി എന്നായിരുന്നു  ഷംന കാസിമിന്‍റെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ഷംന കാസിമിനെ ഫോണിൽ വിളിച്ച് കാര്യം തിരിക്കയപ്പോഴാണ് ആരോടും വരാൻ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ  ഇയാൾ   സ്ഥലം വിട്ടു. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  ജോണി എന്ന നിർമാതാവിന്‍റെ പേരിൽ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന്  മനസ്സിലായത്. സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നൽകുന്ന രാജു ഷംനയുടെ വീട്ടിൽ എന്തിന് വന്നു എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ഇതിനിടെ വരന്‍റെ ഫോട്ടോ എന്ന പേരിൽ തട്ടിപ്പ് സംഘം ഉപയോഗിച്ച ടിക് ടോക് താരം യാസറിനെ കൊച്ചിയിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യാസർ നൽകിയ മൊഴി.

കേസിൽ  വ്യാജ വരന്‍റ ഉമ്മയായി അഭിനയിച്ച യുവതിയെയും ഇന്ന് ചോദ്യം ചെയ്തു. അറസ്റ്റിലുള്ള മുഖ്യ പ്രതിയുടെ ഭാര്യയാണ് ഈ യുവതി.  അതേസമയം അപരിചിതരായവർക്ക് താരങ്ങളുടെ ഫോൺ നമ്പറുകള്‍ നൽകരുതെന്ന് ചൂണ്ടി കാട്ടി  ഫെഫ്ക , പ്രോഡക്ഷൻ കൺട്രോളേഴ്സ് യൂണിയന് കത്ത് നൽകി. ഷംന കാസിമിന്‍റെ നമ്പര്‍ ദുരുപയോഗം ചെയ്ത് പശ്ചാത്തലത്തിലാണ് നടപടി. 


 

click me!