
തിരുവനന്തപുരം: സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ പല ആശുപത്രികളും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാക്കി ചുരുക്കുകയാണ്.
2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 1 നാണ് വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. കത്ത് നൽകിയ 19 ആശുപത്രികളിൽ ആലപ്പുഴ, പരിയാരം മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയിൽ മാത്രമാണ് കുടിശ്ശികയടക്കാൻ നടപടിയുണ്ടായത്. ബാക്കി 16 ആശുപത്രികളിലെ കാത്ത് ലാബുകളിലേക്കും വിതരണം നിലച്ചിട്ട് മൂന്നാഴ്ച.
കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തതിലാണ് പണം നൽകാനുള്ളത്. വിതരണക്കാരുടെ സമരത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിരൂക്ഷ മരുന്ന് പ്രതിസന്ധിയുണ്ടായത് കഴിഞ്ഞ മാസമാണ്.
ഫാർമസികളടക്കം അടയ്ക്കേണ്ട സാഹചര്യത്തിലെത്തിയതോടെ സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ച് കുടിശ്ശിക നൽകാൻ തീരുമാനമായിരുന്നു. എന്നാൽ സ്റ്റെന്റ് വിതരണം പുനസ്ഥാപിക്കാൻ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. നേരത്തെ എടുത്തുവെച്ച സ്റ്റോക്ക് തീരുന്നതോടെ, ശസ്ത്രക്രിയകൾ മുടങ്ങി 2019 ൽ കണ്ട അതേ പ്രതിസന്ധിയിലേക്ക് ആശുപത്രികൾ നീങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam