
പത്തനംതിട്ട: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും കേസിന്‍റെ വിചാരണ തുടങ്ങിയില്ല . പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസമാണ് വിചാരണയുടെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇതിനിടെ കേസിലെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി അടുത്ത മാസം ആറിന് പരിഗണിക്കും. ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിംഗിനെയും കഴിഞ്ഞ ദിവസം കൊച്ചിയിലെ വിചാരണ കോടതിയിലെത്തിച്ചിരുന്നു. കേസിലെ പ്രതികള്‍ ജയിലിലായിട്ട് മൂന്നു വര്‍ഷവും ഒരു മാസവും പിന്നിട്ടു. പക്ഷേ കേസിന്‍റെ വിചാരണ മാത്രം തുടങ്ങിയിട്ടില്ല. അന്ധവിശ്വാസത്തിന്‍റെ മറവില്‍ രണ്ട് സ്ത്രീകളെ ബലി നല്‍കിയെന്ന നടുക്കുന്ന കണ്ടെത്തല്‍ കേരള പൊലീസ് നടത്തിയ 2022 ഒക്ടോബറിലാണ്.
ഇലന്തൂരിന്‍റെ ഭഗവല്‍സിംഗിന്‍റെ വീട് കേന്ദ്രീകരിച്ച് നടന്ന നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയായിരുന്നെന്നും ഭഗവല്‍സിംഗിന്‍റെ ഭാര്യ ലൈലയും ക്രൂരതയില്‍ പങ്കാളിയായിരുന്നെന്നും പിന്നീട് കണ്ടെത്തി. പ്രതികളുടെ അറസ്റ്റിനു ശേഷം ഏറെ വൈകാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കിയിരുന്നു. പക്ഷേ ഒരു വര്‍ഷത്തിലേറെക്കാലം സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്‍ ആദ്യം പ്രോസിക്യൂട്ടറായി വന്നു. കൂടത്തായി കേസിന്‍റെ ഉള്‍പ്പെടെ തിരക്ക് കണക്കിലെടുത്ത് ഉണ്ണികൃഷ്ണന്‍ സ്വയം ഒഴിഞ്ഞതോടെ അഡ്വക്കേറ്റ് അനില്‍കുമാറിനെ പ്രോസിക്യൂട്ടറാക്കി. പക്ഷേ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അനില്‍ കുമാറും പിന്‍മാറി.
പിന്നീട് അഡ്വക്കേറ്റ് അജകുമാറിനെ പ്രോസിക്യൂട്ടറാക്കുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും ഇത് സംബന്ധിച്ച ഉത്തരവൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് അജകുമാര്‍ പ്രതികരിച്ചു. ഫലത്തില്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഇതിനിടയിലാണ് പ്രതികള്‍ ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. ഡിസംബര്‍ ആറിന് കോടതി അപേക്ഷ പരിഗണിക്കും. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.