കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ

Published : Aug 11, 2022, 06:54 PM ISTUpdated : Aug 11, 2022, 09:08 PM IST
കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു;  മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ

Synopsis

ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളലേറ്റു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. 

കൊച്ചി: കൊച്ചി ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചു.  മുന്നറിയിപ്പ് ബോർഡില്ലാതെ  വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നാണ് യുവാക്കളുടെ പരാതി. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. 

കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിൽ എത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ തൊഴിലാളികളോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാർ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി. 

ഗുരുതരമായി പൊള്ളലേറ്റ വിനോദ് വർ‍ഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാർ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ് പൊള്ളലേറ്റ വിനോദ് വർഗീസ്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ടാറിംഗ് തൊഴിലാളിയെ കാർ യാത്രക്കാർ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാർ കമ്പനി പറയുന്നത്. സംഭവത്തിൽ തേവര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:  'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ‘ന്നാ താന്‍ കേസ് കൊട്' പോസ്റ്ററിനെതിരെ വിമര്‍ശനം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം