
കൊച്ചി: ഉമ തോമസിന്‍റെ (Uma Thomas) സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയ ഡിസിസി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് തേടല്‍. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ ജോ ജോസഫിന്റെ (Jo Joseph) പ്രചാരണ സ്ഥലത്ത് എം ബി മുരളീധരന്‍റെ സജീവ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആരും ശത്രുക്കളല്ലെന്നും ജോ തന്‍റെ സുഹൃത്താണെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.
സഭാ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം എതിര്‍ ചേരിയില്‍ നിന്ന് ഉയരുന്നതിനിടെയാണ് ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് മണ്ഡലത്തിന്‍റെ ഭാഗമായ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ വേദിയില്‍ വോട്ട് തേടിയെത്തിയത്. ജോയും സംഘവും എത്തുന്നതിന് തൊട്ട് മുമ്പ് സ്ഥലത്തെത്തിയ എറണാകുളം ഡിസിസി സെക്രട്ടറിയും മേഖലയിലെ മുന്‍ കൗണ്‍സിലറുമായ എം ബി മുരളീധരന്‍ വോട്ടര്‍മാരില്‍ ചിലരെ സ്ഥാനാര്‍ത്ഥിക്ക് പരിചയപ്പെടുത്തി. സ്ഥാനാര്‍ത്ഥിയുമായും സ്ഥാനാര്‍ത്ഥിയ്ക്കൊപ്പമെത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണിയുമായും സൗഹൃദം പങ്കിട്ടു. എന്നാല്‍, ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണം നടത്തുന്ന സ്ഥലത്തെ തന്‍റെ സാന്നിധ്യത്തിന് രാഷ്ട്രീയ നിറം പകരേണ്ടതില്ലെന്നായിരുന്നു എം ബി മുരളീധരന്‍റെ വിശദീകരണം.
എന്നാല്‍, ഉമ തോമസിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തിയ മുരളീധരന്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ സ്ഥലത്ത് എത്തിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സൂചന. യുഡിഎഫിലെ അതൃപ്തരുടെ സഹായം തെരഞ്ഞെടുപ്പില്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇടതുമുന്നണി ശ്രമിക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്‍റെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രസക്തി കൈവരുന്നത്.
സഭയുടെ വോട്ട് ഉറപ്പെന്ന് ഉമാ തോമസ്
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന പ്രചാരങ്ങൾക്കിടെയാണ് ഉമയുടെ സന്ദർശനം. വൈദികരെ നേരിൽക്കണ്ട് ഉമ വോട്ടഭ്യർത്ഥിച്ചു. എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല. കർദ്ദിനാൾ എത്തിയാൽ വീണ്ടും എത്തി വോട്ട് അഭ്യർത്ഥിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.
സഭാ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി.സതീശൻ
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.
'സ്ഥാനാർത്ഥിയെ ഞങ്ങൾ തെരഞ്ഞെടുത്തോട്ടെ': റിയാസ്
സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എൽഡിഎഫിന് തരണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് മിണ്ടിയിട്ടില്ലല്ലോ എന്നും കോൺഗ്രസ് നേതാക്കളുടെ കരച്ചിൽ വ്യക്തമാക്കുന്നത് ഇടതുമുന്നണി സ്ഥാനാർത്ഥി ശക്തനാണ് എന്നതാണെന്നും റിയാസ് കണ്ണൂരിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam