
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara Byelection) കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിക്കപ്പെട്ട സാഹചര്യത്തിൽ സിപിഎമ്മിനെയും (CpiM) എം സ്വരാജിനെയും (M Swaraj) കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും നാണമില്ലേ എന്നാണ് എം സ്വരാജിനോട് രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും കരമടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്തൂ എന്നും രാഹുൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ. സ്വരാജ്, നാണമില്ലെ താങ്കൾക്ക്? വളഞ്ഞ വഴിയിലൂടെ UDF ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് CPIM തൃക്കാക്കരയിൽ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം. ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങൾ നമ്മൾ കണ്ട്. ഒന്നും വേണ്ട പോലെ ഏല്ക്കുന്നില്ലായെന്ന് കണ്ട CPIM ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്. കളളവോട്ട് തടയാൻ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങൾ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓർമ്മിപ്പിച്ചതാണ്. എന്നിട്ടും നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നു. നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും. എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു CPIM നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, ഞങ്ങൾ പോലിസിനെ ഏല്പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു...
'പരാജയഭീതിപൂണ്ട കോൺഗ്രസുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരം'; ജോ ജോസഫിന്റെ വിജയം ഉറപ്പാണെന്ന് കെ വി തോമസ്
കൊച്ചി: പരാജയഭീതിപൂണ്ട കോൺഗ്രസുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ്. താൻ സിപിഎമ്മിന്റെ കുഴിയിൽ പെട്ടുപോയി എന്ന ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് വ്യാജമാണെന്ന് കെ വി തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് കുറിച്ചു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂർവ്വം ആക്ഷേപിച്ചവർ തന്നെയാണ് തനിക്കെതിരായ വാർത്തകളും പ്രചരിപ്പിക്കുന്നത്. എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ പഠിപ്പിക്കേണ്ട. താൻ ഡോ. ജോ ജോസഫിന് വേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാളെ പിടികൂടിയെന്ന് ഇന്ന് രാവിലെ കൊച്ചി പൊലീസ് അറിയിച്ചിരുന്നു. കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. എന്നാൽ, പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞു. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം.