
കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലെത്തിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് (Thrikkakara By Election) ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. എൻ ഡി എ സ്ഥാനാർത്ഥി സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോട് ചേരുന്ന പാർട്ടി കോർ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാൻ ആണ് സാധ്യത. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. എന്നാൽ ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.
അതേസമയം ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ കളത്തിലെത്തിയതോടെ തന്നെ തൃക്കാക്കര, തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശത്തിലായിട്ടുണ്ട്. പരസ്പരം പോർവിളിച്ച് നേതാക്കളും രംഗത്തുണ്ട്. നൂറ് സീറ്റാക്കാൻ, വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമാണ് ഇടത് മുന്നണി മുന്നോട്ട് വയ്ക്കുന്നത്. പി ടി തോമസിന്‍റെ വികസന സ്വപ്നങ്ങളും സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് യു ഡി എഫ് പ്രചരണം. കെ റെയിൽ പദ്ധതിയും മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നുണ്ട്.
'തൃക്കാക്കരയിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കുമോ'? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ
തൃക്കാക്കര തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന ചോദ്യമുയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച സുധാകരൻ, തെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരളാ മുഖ്യമന്ത്രി കാണിക്കുമോയെന്നും ചോദിച്ചു. തന്റെ വെല്ലുവിളിയേറ്റെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെവി തോമസ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സുധാകരന്റെ വാദം. കെവി തോമസ് ക്ലോസ്ഡ് ചാപ്റ്ററാണെന്നാവർത്തിച്ച സുധാകരൻ, പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ചു വോട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ലെന്നും പരിഹസിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി നിർണയത്തെയും സുധാകരൻ വിമർശിച്ചു. തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.
'മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോ'; ഇടത് സ്ഥാനാർത്ഥിക്ക് ആശംസയുമായി മുഖ്യമന്ത്രി
തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ചും വിജയാശംസകൾ നേർന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ജോ ജോസഫിന് വേണ്ടി രംഗത്തെത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യ സ്നേഹത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും പിണറായി കുറിച്ചു. അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ സർവഥാ യോഗ്യനാണെന്നും പറഞ്ഞ മുഖ്യമന്ത്രി ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.