
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധം ചർച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസൻ്റേഷൻ. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം നെഗറ്റീവാകാനാണ് സാധ്യതയെന്നും തൃക്കാക്കരയിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടതെന്നും ഡൊമിനിക് പ്രസൻ്റേഷൻ പറഞ്ഞു. ജോ ജോസഫ് തങ്ങളുടെ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന സിപിഎം വിശദീകരണം വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലേത് സിപിഎമ്മിൻ്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് എ.വിജയരാഘവൻ. സ്ഥാനാർത്ഥി സിപിഎം അംഗമാണ്. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് സഭയെ ബന്ധപ്പെടുത്തിയുള്ള ആക്ഷേപം യുഡിഎഫ് ഉന്നയിക്കുന്നത്. സഹതാപം എക്കാലത്തും വോട്ടാക്കിയത് കോൺഗ്രസാണെന്നും എന്നാൽ സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം ഇടതുമുന്നണി സ്ഥാനാർത്ഥിയെ സഭയുടെ ബാനറിൽ അവതരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി മുൻ കെസിബിസി വക്താവ് രംഗത്ത് എത്തി. ഫാദർ വർഗീസ് വള്ളിക്കാട്ടിലാണ് വിമർശനവുമായി രംഗത്തു വന്നത്. സഭയുടെ വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. ഒരു ബ്രാൻഡിംഗിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം അത് വിശദീകരിക്കണം. കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണതയാണിത്. സഭാ മേലധ്യക്ഷനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ഇതു കാരണമായെന്നും രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത് ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam