കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ജലാശയങ്ങളിൽ കുളിക്കാത്തതിനാൽ രോഗം കിണർ വെള്ളത്തിൽ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് ഇന്ന് മരണത്തിന് കീഴടങ്ങി. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ബിജു.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.

