'വിജയിക്ക് അനുമോദനം'; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു, തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് ജോ ജോസഫ്

Published : Jun 03, 2022, 11:47 AM ISTUpdated : Jun 03, 2022, 12:21 PM IST
'വിജയിക്ക് അനുമോദനം'; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു, തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് ജോ ജോസഫ്

Synopsis

പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.   

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫിന് കൃത്യമായ മുന്നേറ്റമുണ്ടായിരുന്നു. ഒരുഘട്ടത്തിലും എല്‍ഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചുമില്ല.

തൃക്കാക്കരയെ ഇളക്കി മറിച്ചു കൊണ്ട് എൽഡിഎഫ് നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് ശക്തികേന്ദ്രമായ തൃക്കാക്കരയിൽ യുഡിഎഫ് പിന്നോട്ട് പോയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളടക്കം ഭൂരിപക്ഷം കുറഞ്ഞാലും ഉമ ജയിക്കും എന്ന തരത്തിൽ ആത്മവിശ്വാസം ചോര്‍ന്ന നിലയിലേക്ക് വന്നെങ്കിലും ഏറ്റവും മികച്ച വിജയം ഉമ നേടും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉറച്ച് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു.

തൃക്കാക്കരയിൽ ക്യാംപ് ചെയ്ത് പ്രചാരണം നയിച്ച വിഡിക്കൊപ്പം യുവനേതാക്കളായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, രാഹുൽ മാക്കൂട്ടത്തിൽ, വിടി ബൽറാം, അൻവര്‍ സാദത്ത്, റോജി എം ജോണ്‍, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനിൽ അക്കര, കെഎം അഭിജിത്ത്, വിഎസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമായിരുന്നു. ഇവരെ കൂടാതെ എകെ ആൻ്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല എന്നീ സീനിയര്‍ നേതാക്കളും യുഡിഎഫിൻ്റെ മുഴുവൻ എംപിമാരും എംഎൽഎമാരും മണ്ഡലത്തിൽ പ്രാചരണത്തിന് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപേ തന്നെ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ ബൂത്ത് കമ്മിറ്റികൾ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു.

യുഡിഎഫിലെ മറ്റു എംഎൽഎമാരും ഘടകക്ഷി നേതാക്കളും തൃക്കാക്കരയിൽ സജീവമായി ഇറങ്ങി. അഭിപ്രായ ഭിന്നതകളില്ലാതെ പാര്‍ട്ടിയും മുന്നണിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിൻ്റെ ഫലമാണ് തൃക്കാക്കരയിൽ കണ്ടെതെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തലപ്പത്തേക്ക് വന്ന ശേഷം ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പ് പോരാട്ടം മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനായി എന്നത് പാര്‍ട്ടിയിൽ വിഡിയുടെ കരുത്തേറ്റും. വിജയത്തിന് പിന്നാലെ യുവനേതാക്കൾ ഒന്നാകെ സതീശന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാര്‍ട്ടിയിൽ സതീശനുണ്ടാക്കിയ സ്വാധീനത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്. 

അതേസമയം മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവര്‍ ലൈൻ വിഷയത്തിൽ സര്‍ക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോണ്‍ഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു