തൃക്കാക്കര പണക്കിഴി വിവാദം: ചെയർപേഴ്സന്‍റെ ഓഫീസ് നഗരസഭ സെക്രട്ടറി സീൽ ചെയ്തു, നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

By Web TeamFirst Published Aug 30, 2021, 3:53 PM IST
Highlights

പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് സെക്രട്ടറി നോട്ടീസ് പതിച്ചത്. 

കൊച്ചി: പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സന്‍റെ ഓഫീസ് നഗരസഭ സെക്രട്ടറി സീൽ ചെയ്തു. സിസി‍ടിവി തെളിവുകൾ സംരക്ഷിക്കണമെന്ന വിജിലൻസ് ആവശ്യപ്രകാരമാണ് നടപടി. എന്നാൽ ഓഫീസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലൻസ് ആവശ്യപ്പെട്ടാൽ തന്‍റെ സാന്നിധ്യത്തിൽ മുറി തുറന്ന് നൽകുമെന്നും ചെയർപേഴ്സൻ അജിത് തങ്കപ്പൻ വ്യക്തമാക്കി. 

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫീസിലെത്തിയിരുന്നു. ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകിയത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് സെക്രട്ടറി നോട്ടീസ് പതിച്ചത്. 

എന്നാൽ ചെയർപേഴ്സന്റെ മുറി സീൽ ചെയ്യാൻ നഗരസഭാ സെക്രട്ടറിക്ക് നിയമപരമായി അധികാരം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. നാളെ നഗരസഭയിലെ ഓഫീസിൽ പോകും. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിച്ചോടിയില്ലെന്നും ചെയർപേഴ്സൻ അജിത തങ്കപ്പൻ വ്യക്തമാക്കി. ഇതിനിടെ പ്രശ്നം പരിശോധിക്കാൻ പിടി തോമസ് എം.എൽഎ വിളിച്ച കൗൺസിലർമാരുടെ യോഗം മാറ്റിവെച്ചു. ചില അസൗകര്യങ്ങൾ കാരണമാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. 

click me!