
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara) കോൺഗ്രസ് സീറ്റിനായി (Congress) ചരട് വലികൾ ശക്തം. പി.ടി തോമസിന്‍റെ ( P T Thomas) ഭാര്യ ഉമ തോമസ് (Uma Thomas) സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാണെങ്കിലും ഉമയോ കോൺഗ്രസ് നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
പി.ടി തോമസിന്‍റെ വിയോഗത്തിന് പിന്നാലെ തൃക്കാക്കരയിൽ ഇനിയാര് എന്ന ചോദ്യത്തിന് ആദ്യമുയർന്ന പേരായിരുന്നു ഭാര്യ ഉമ തോമസിന്‍റേത്. എന്നാൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തോട് കെഎസ്‍യു നേതാവായിരുന്ന ഉമ മൗനം പാലിക്കുകയാണ്. കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ഉമയുടെ ക്ലെയിം ഇല്ലാതാക്കാനായി പാർട്ടിയിലെ ഒരു വിഭാഗം ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് ആരോപണവുണ്ട്. പിടിയുടെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടിയെന്നാണ് ആക്ഷേപം. ബാധ്യത ഏറ്റെടുത്താൽ പിന്നീട് ഉമയ്ക്ക് സീറ്റ് നൽകാനാവില്ല എന്ന നിലപാട് ഇവർ ഉന്നയിക്കും.
ഉമയല്ലെങ്കിൽ ആര് എന്ന ചോദ്യവും പാർട്ടിയിൽ സജീവമാണ്. ജില്ലയിൽ നിന്നുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. വീക്ഷണം എം ഡി ജെയ്സൻ ജോസഫ്, മുൻ എംഎൽഎ ഡൊമിനിക് പ്രസന്‍റേഷൻ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയവർ പട്ടികയിലുണ്ട്.
ആറ് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ കൂടി പരിഗണിക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം ഇനിയും കൂടും. സ്ഥാനാർത്ഥി മാനദണ്ഡങ്ങളിൽ കൃത്യത വരുത്താൻ കോൺഗ്രസ് നേതൃത്വം വൈകാതെ യോഗം ചേരുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam