
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Kottayam Medical College) നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്‍റെ കാമുകൻ ഇബ്രാംഹിം ബാദുഷയെ (Ibrahim Badusha) ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.
നീതുവിനേയും ഏഴു വയസുകാരൻ മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്‍റെ മുപ്പത് ലക്ഷം രൂപയും സ്വർണ്ണവും ഇയാൾ കൈക്കലാക്കിയിരുന്നു. ഇബ്രാഹിം ലഹരിക്ക് അടിമയുമാണ്. നീതുവിനെയും കൊണ്ട് ഉടൻ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. ഈ മാസം 21 വരെ റിമാൻഡിലായ നീതു വനിതാ ജയിലിലാണുള്ളത്.
അതിനിടെ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തും. സുരക്ഷാ വീഴ്ചയെ കുറിച്ച് മെഡിക്കൽ കോളേജിൽ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. ആർഎംഒ തല സമിതിയും മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്‍റെ നേതൃത്വത്തിലുള്ള സമിതിയുമാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
Read Also: കുഞ്ഞുമായി നീതു ഓട്ടോയിലെത്തി, ഹോട്ടലില്‍ റൂം എടുത്തത് നാലിന്, ദൃശ്യങ്ങള്‍ പുറത്ത്
വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.
ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Read Also: ഒറ്റപ്പെട്ട സംഭവം; ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡെ.സൂപ്രണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam