
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണുള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും പി സി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ, തൃക്കാക്കരയിലെ പ്രചാരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അൽപസമയം മുമ്പ് കെ വി തോമസ് പ്രതികരിച്ചത്. താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്ന് കെ വി തോമസ് രാവിലെ പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർഥിയും, അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.സ്ഥാാനാർഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം. താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരൻ ആണെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതിനെതിരെ കെ വി തോമസ് രംഗത്തെത്തിയിരുന്നു. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നാണ് കെ വി തോമസ് ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചിരുന്നു.
പാർട്ടിക്കുള്ളിലെ എല്ലാ ആസ്വാരസ്യങ്ങളും പരിഹരിച്ചതായാണ് ഉമ തോമസ് പറയുന്നത്. തന്റെ ഉള്ളിലെ പി.ടിയാണ് പ്രചാരണ രംഗത്ത് ഉള്ളതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടവന്ത്ര മേഖലയിൽ വോട്ടഭ്യർത്ഥിച്ചാണ് ഉമ തോമസിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സഹതാപമല്ല പി ടി യോടുള്ള സ്നേഹമാണ് വോട്ടർമാർ തന്നോട് കാണിക്കുന്നതെന്നും പാർട്ടിക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങൾ ഒരു കുടുംബത്തിലെ വിഷയങ്ങൾ പോലെ പറഞ്ഞു തീർത്തെന്നും അവർ പറഞ്ഞു.
Read Also: കെ റെയിലി'ൽ തുടങ്ങി; വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫ്, പോസ്റ്റർ പ്രചാരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam