തൃക്കാക്കര ന​ഗരസഭ; കോൺ​ഗ്രസിൽ പ്രതിസന്ധി, അധ്യക്ഷയ്ക്കെതിരെ നാല് കൗൺസിലർമാർ

By Web TeamFirst Published Sep 16, 2021, 11:05 PM IST
Highlights

നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ ഇന്ന് കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വെച്ചാണ് നാല് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതേ ചൊല്ലി  യോഗത്തിൽ  വാക്കുതർക്കങ്ങളും ഉണ്ടായി.  

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ചെയർമാൻ അജിത  തങ്കപ്പനെതിരേയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ കോൺഗ്രസിൽ  വൻ പ്രതിസന്ധി. നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പാർട്ടി നേതൃത്വത്തിന്  മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്.  

നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ ഇന്ന് കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വെച്ചാണ് നാല് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതേ ചൊല്ലി  യോഗത്തിൽ  വാക്കുതർക്കങ്ങളും ഉണ്ടായി.  അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കേണ്ടന്നാണ് യു ഡി എഫ് തീരുമാനം. ഇതോടെ ക്വാറം തികയാതെ പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ വരുമെന്നും യുഡിഎഫ് കണക്ക് കൂട്ടി. എന്നാൽ തങ്ങൾ കൗൺസിൽ യോഗത്തിൽ  പങ്കെടുക്കുമെന്ന് നാല് കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.  പാർട്ടി തങ്ങളെ അവഗണിച്ച് ഭരണം നടത്തുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. 

പ്രശ്നം പരിഹരിക്കാൻ നേരത്തെ  ഡിസിസി ഇടപെട്ടത് ഫലം ചെയ്തില്ലെന്ന് ഇതോടെ വ്യക്തമായി.  നഗരഭരണം ഏകോപിപ്പിക്കാനും പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും ഉപസമിതിയെ  ഡിസിസി നിയോഗിക്കുകയും ചെയ്തിരുന്നു.  ഈ സമിതിയോട് ആലോചിക്കാതെയാണ് ഇപ്പോഴും പല പ്രധാന തീരുമാനങ്ങളുമെടുക്കുന്നതെന്ന് വിമത കൗൺസിലർമാർ ആരോപിക്കുന്നു.  അധ്യക്ഷക്കെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് 23 ന് പരിഗണിക്കും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!