'ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പൊലീസുകാരെ വേണം', ആവശ്യവുമായി ദേവസ്വം അസി കമ്മിഷണർ, പിന്നാലെ വിശദീകരണം

By Web TeamFirst Published Jan 25, 2020, 5:17 PM IST
Highlights

വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറാണ് കത്തയച്ചിരിക്കുന്നത്

കൊച്ചി: ഉത്സവത്തിന് ക്രമസമാധാന പാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ. വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറാണ് കത്തയച്ചിരിക്കുന്നത്.

"വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു," എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് കത്തയച്ചിരിക്കുന്നത്. പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ രംഗത്തെത്തി. ദേവസ്വം മന്ത്രിക്ക് ഇവർ പരാതി നൽകി. പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും പൊലീസ് അസോസിയേഷൻ സംസ്ഥന കമ്മിറ്റി പരാതിയിൽ പറഞ്ഞു. പൊലീസ് അസോസിയേഷൻ കൊച്ചി വിഭാഗവും ഇതിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.

ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി തൃപ്പൂണിത്തുഖ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എംജി ജഗദീഷ് രംഗത്തെത്തി. എല്ലാവർഷവും ഇത്തരത്തിലാണ് കത്തു നൽകുന്നതെന്നും, ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തങ്ങൾ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് പുതിയ കത്ത് നൽകുമെന്നും ഹിന്ദു പൊലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!