
തൃശ്ശൂർ: തൃശൂർ കോർപ്പറേഷനിൽ വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ സിപിഎം ധാരണ. ആദ്യത്തെ രണ്ട് വർഷം മേയർ സ്ഥാനം എം കെ വർഗീസിന് നൽകാനാണ് തീരുമാനമായിരിക്കുന്നത്. മന്ത്രി എ സി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾ എം കെ വർഗീസുമായി ചർച്ച നടത്തിയതിനൊടുവിലാണ് സമവായം ആയത്.
ധാരണ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും. വൈകിട്ട് ആറ് മണിക്ക് എൽഡിഎഫ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയ അനിശ്ചിത്വത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. 55 അംഗങ്ങളുള്ള തൃശ്ശൂർ കോർപ്പറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ. യുഡിഎഫിന് കിട്ടിയത് 23 സീറ്റും. ബിജെപിക്കാണ് ആറ് സീറ്റ്. ഈ സാഹചര്യത്തിലാണ് വിമതനായി ജയിച്ച എം കെ വർഗീസിന്റെ പിന്തുണ നിർണ്ണായകമായി മാറിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ വർഗീസ് ഇടതിന് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മേയർ സ്ഥാനമടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനം വൈകിയതാണ് അനിശ്ചിത്വത്തിലേക്ക് നയിച്ചത്.
അഞ്ച് വര്‍ഷവും മേയറാക്കണമെന്നായിരുന്നു എം കെ വർഗീസിന്റെ ആദ്യത്തെ നിലപാട്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സിപിഎം അറിയിച്ചപ്പോള്‍ രണ്ടു വര്‍ഷമായി ചുരുക്കുകയായിരുന്നു. പക്ഷെ ആദ്യത്തെ രണ്ടു വര്‍ഷം തന്നെ വേണമെന്ന് വിമതൻ നിലപാട് കടുപ്പിച്ചപ്പോള്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ഇതിനിടെ യുഡിഎഫും വിമതനെ ഒപ്പം കൂട്ടാൻ ശ്രമം നടത്തിയതോടെയാണ് കാര്യങ്ങൾ കുഴക്കിയത്.
വിമതന് മുന്നില്‍ സിപിഎം പൂര്‍ണായി കീഴടങ്ങണോയെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചുവെങ്കിലും ഏതുവിധേനയും തുടര്‍ഭരണം ഉറപ്പാക്കാനായിരുന്നു സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശം .തുടര്‍ന്ന് മന്ത്രി എ സി മൊയ്തീൻ ഉള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ എം കെ വര്‍ഗീസുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ധാരണയിലെത്തുകയായിരുന്നു.
ഇന്ന് സിപിഎം -എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം സിപിഎം ജില്ല സെക്രട്ടറി എം എം വർഗീസും വിമതൻ എം കെ വർഗീസും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. മേയര്‍ സ്ഥാനം രണ്ടു വര്‍ഷം വിമതന് കൊടുത്ത ശേഷം രണ്ടു വര്‍ഷം സിപിഎമ്മിനും ഒരു വര്‍ഷം സിപിഐയ്ക്കും എന്നാണ് എൽഡിഎഫില്‍ ധാരണയായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam