
തൃശ്ശൂർ: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ. ഇവരെല്ലാം എസ്ഡിപിഐ ബന്ധമുളളവരാണെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടൻ പിടിയിലാകുമെന്നും ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചാവക്കാട്, ഗുരുവായൂര്‍ മേഖലകളിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുളള 20 പേരില്‍ നാലു പേര്‍ക്ക് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 6 മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടാക്കിയവരും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്തുവരികയാണെന്നും ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തിനായി 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്. നൗഷാദിനൊപ്പമുളളവരെ അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നില്ല. നൗഷാദിനെ വെട്ടുന്നത് തടഞ്ഞപ്പോൾ അക്രമികളുടെ കയ്യില്‍ വെച്ചു കെട്ടിയിരുന്ന കൂര്‍ത്ത മുനയുളള കത്തികൊണ്ട് ഇവർക്ക് വെട്ടേൽക്കുകയായിരുന്നു. അതേസമയം ഫേസ്ബുക്കില്‍ വധഭീഷണി ഉണ്ടായിട്ടും സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം ഗൗരവത്തോടെ എടുത്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഭിമന്യൂ കേസിന്റെ ഗതി ഈ കേസിനും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രദേശത്ത് നിന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam