പൂരക്കാഴ്ചകളിൽ മനം നിറഞ്ഞ് തൃശ്ശൂർ; ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വർണ വൈവിധ്യങ്ങളുടെ കുടമാറ്റം

Published : May 06, 2025, 08:59 PM IST
പൂരക്കാഴ്ചകളിൽ മനം നിറഞ്ഞ് തൃശ്ശൂർ; ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വർണ വൈവിധ്യങ്ങളുടെ കുടമാറ്റം

Synopsis

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തത്. നാളെ പുലർച്ചെ നടക്കാൻ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.

തൃശൂർ: പൂര സന്തോഷത്തിൽ മുങ്ങിക്കുളിച്ച് തൃശൂർ. ചെറുപൂരങ്ങളുടെ വരവോടെ ഉണർന്ന നഗരത്തിൻ്റെ പൂരാവേശം നിറങ്ങൾ നിറഞ്ഞ കുടമാറ്റത്തോടെ അതിൻ്റെ പാരമ്യത്തിലെത്തി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തത്. നാളെ പുലർച്ചെ നടക്കാൻ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.

പതിവുതെറ്റിക്കാതെ പൂരനഗരിയെ ഉണർത്താൻ കണിമംഗലം ശാസ്താവ് പുലർച്ചെ തന്നെയെത്തി. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി ഘടകപൂരങ്ങളെട്ടും പൂരനഗരി നിറഞ്ഞു. ചെമ്പൂക്കാവിലമ്മയുടെ തിടമ്പെടുത്തെത്തിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പൂരനഗരിയെ ആവേശ സാഗരമാക്കി. ചെറു പൂരങ്ങളെല്ലാം വന്ന് തീരുമ്പോഴേക്കും കോങ്ങാട് മധുവും സംഘവും തിരുവമ്പാടി ദേവിയുടെ മഠത്തിൽ വരവിന് പഞ്ചവാദ്യ താളമിട്ടിരുന്നു. 

പൊള്ളുന്ന വെയിലിലും താളമേളങ്ങളുടെ തണുപ്പ് തേടി ആയിരങ്ങൾ ശ്രീമൂലസ്ഥാനത്ത് അണിനിരന്നു. പഞ്ചവാദ്യ സംഗീതത്തിൻ്റെ സന്തോഷമണയും മുമ്പേ കിഴക്കൂട്ട് അനിയൻമാരാരും കൂട്ടരും ഇലഞ്ഞിത്തറയിൽ പതികാലത്തിൽ കൊട്ടി തുടങ്ങി. ചെമ്പട കൊട്ടി പാണ്ടിയുടെ പാരമ്യത്തിലെത്തിയപ്പോൾ ആകാശത്തേക്ക് കൈ ഉയർത്തി പതിനായിരങ്ങൾ കൂടെ താളമിട്ടു. രണ്ടര മണിക്കൂറിലേറെ നീണ്ട ഇലഞ്ഞിത്തറമേളം കഴിഞ്ഞ് ഭഗവതിമാർ തെക്കോട്ടിറങ്ങിയപ്പോഴേക്കും മണി അഞ്ച് പിന്നിട്ടിരുന്നു. പിന്നെ വർണക്കുട മാറ്റം. 

പച്ച, മഞ്ഞ, ചുവപ്പ്, നീല, പല നിറങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി. സാമ്പ്രദായിക കുടകൾക്കപ്പുറത്ത് സ്പെഷ്യൽ കുടകൾ നിരത്തി പൂരനഗരിയിൽ പ്രകമ്പനം തീർത്തു തിരുവമ്പാടിയും പാറേക്കാവും. തൃക്കാക്കരയപ്പനും പദ്മഗണപതിയും, രുദ്ര ഗണപതിയും ദേവി രൂപങ്ങളും കുടകളിൽ നിറഞ്ഞു. ഇരുട്ടു വീണപ്പോഴേക്കും പൂരനഗരിയിൽ പ്രഭതൂകി എൽഇഡി കുടകൾ ആകാശത്തുയർന്നു. ആരവം മുഴക്കി ജനക്കൂട്ടം പൂര സന്തോഷത്തെ ഹൃദയത്തിലേറ്റി. ഒടുവിൽ തുല്യം ചാർത്തി ഭഗവതിമാർ ദേശങ്ങളിലേക്ക് മടങ്ങി. സാമ്പിളിനെ വെല്ലുന്ന വെടിക്കെട്ട് ആസ്വദിക്കാൻ രാവുറങ്ങാതെ കാത്തിരിക്കുന്നു നഗരം.

PREV
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം