
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച അന്വേഷണവും വിവാദത്തില്‍. ഒരാഴ്ചയിൽ തീരേണ്ട അന്വേഷണം നാല് മാസത്തിന് ശേഷം എന്തായി എന്ന് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം ഒരു അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. ഇതാണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായെന്നാണ് എഡിജിപി അറിയിക്കുന്നത്. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ റിപ്പോർട്ട് നൽകുമെന്നുമാണ് എഡിജിപി അജിത് കുമാർ പ്രതികരിച്ചത്.
തൃശൂർ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തെയും എഡിജിപി എം ആർ അജിത് കുമാറിനേയും വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിച്ചത് പോലെയാണ് അന്വേഷണമെന്നാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. വിരമിച്ച ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന വിവരാവകാശ മറുപടി ഞെട്ടിക്കുന്നതാണെന്ന് മുന്‍ മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു. തൃശൂർ പൂരം കലക്കലിൽ അന്വേഷണമില്ല എന്ന വിവരാവകാശ റിപ്പോർട്ടിനെ കുറിച്ച് അന്വേഷിച്ച ശേഷം മറുപടി പറയാമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇക്കാര്യത്തിൽ എടുത്തുചാടി മറുപടി പറയാനില്ലെന്നും രാജൻ പ്രതികരിച്ചു.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.