
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോർട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു.
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം. പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂ മന്ത്രി വിളിച്ച് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലങ്ങിയതില്‍ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയിൽ ഡിജിപി തല അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാർ തൃശൂരിലെത്തിയത്. തൃശൂരിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. അതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ രാജൻ എഡിജിപിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേൽനോട്ടം നൽകുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി. രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവ്വണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്‍റെ റിപ്പോർട്ട്. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിജിപി നേരിട്ട് റിപ്പോർട്ട് തയ്യാറാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam