
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്താൻ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തും. കേന്ദ്ര സ്‌ഫോടക വസ്തു നിയമപ്രകാരം തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാനായില്ല. ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങൾ ശ്രമിക്കുന്നത്.
അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല. കഴിഞ്ഞ ജനുവരി മൂന്നിനും അഞ്ചിനും തിരുവമ്പാടി പാറമേക്കാവ് വേലയ്ക്ക് വെടിക്കെട്ട് നടത്താന്‍ കോടതി അനുവാദം നല്‍കിയത് വെടിക്കെട്ട് പുര ഒഴിവാക്കിക്കൊണ്ടായിരുന്നു. ആവശ്യമുള്ള വെടിക്കെട്ട് സാധനങ്ങള്‍ നേരിട്ട് പൂരപ്പറമ്പിലെത്തിച്ച് നിറച്ച് പൊട്ടിക്കുന്ന രീതി. ഇതുതന്നെ പൂരത്തിനും നടത്താനാവുമോ എന്നാണ് ജില്ലാ കളക്ടര്‍ എജിയോട് ആരാഞ്ഞത്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം