
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൂരം കലക്കൽ റിപ്പോർട്ടിന് എന്ത് പ്രസക്തിയാണ് ഇനിയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണ റിപ്പോർട്ടിൽ അസ്വഭാവികത ഉണ്ട്. ആരോപണ വിധേയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം പ്രഹസനമായെന്നും പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിക്കാനുള്ള തത്രപാടാണ് നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
പ്രശ്നം നടക്കുമ്പോൾ മുഖ്യമന്ത്രിയും എഡിജിപിയും എന്ത് കൊണ്ട് ഇടപെട്ടില്ലെന്ന് വി.ഡി സതീശൻ ചോദിച്ചു. എല്ലാവരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിത്. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. പൂരം കലക്കലിൽ ബിജെപിയും പ്രതിക്കൂട്ടിലാണ്. തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ചർച്ചയും പിന്നീട് നടന്ന സംഭവങ്ങളും. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യൻ അല്ലെന്നും പൂരം കലക്കലിൽ നിയമനടപടിയിലേയ്ക്ക് നീങ്ങുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സെപ്റ്റംബർ 24 ന് ബ്ലോക്ക് തലത്തിലും 28 ന് തേക്കിൻകാട് മൈതാനത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പി.വി അൻവർ വിഷത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്വർണ്ണം കടത്തിയെന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പി.വി അൻവറിനെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്ക് അകത്തു നിന്ന് വന്ന ക്വട്ടേഷനാണിത്. ഒരു ഭരണകക്ഷി എംഎൽഎയ്ക്ക് മുഖ്യമന്ത്രിയോട് പരാതി പറയാൻ എത്ര പത്രസമ്മേളനം നടത്തണം. മുഖ്യമന്ത്രി മറ്റൊരു സമ്മേളനം നടത്തി മറുപടി പറയുന്നു. എന്താണ് സിപിഎമ്മിൽ സംഭവിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം സിപിഎം കൂടുതൽ ജീർണിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
READ MORE: മദ്യലഹരിയിൽ കാറോടിച്ചു, ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു; മുക്കം വാഹനാപകടത്തിലെ പ്രതികൾ റിമാൻഡിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam