
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കി. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിന്‍റേതാണ് തീരുമാനം.
തൃശ്ശൂര്‍ പൂരം ചടങ്ങള്‍ മാത്രമായി പരിമിതപ്പെടുത്താനാണ് യോഗത്തില്‍ തീരുമാനമായത്. വെടിക്കെട്ട് ഉണ്ടാവില്ല, ആഘോഷപൂര്‍വ്വമുള്ള കുടമാറ്റവും ഇല്ല. പതിനഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമേ ഇത്തവണ കുടമാറ്റത്തിന് ഉണ്ടാവൂ. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. സാധാരണ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റമാണ് നടത്തുക. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റ് കുടകളായി പരിമിതപ്പെടുത്തിയത്.
പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും. ചമയ പ്രദര്‍ശനം നടത്തുമെങ്കിലും ആഘോഷപൂര്‍വ്വമായിരിക്കില്ല. നേരത്തെ സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം വെടിക്കെട്ടും പകല്‍ വെടിക്കെട്ടും നടത്തണമെന്ന് പാറമേക്കാവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തു. കളക്ട്രേറ്റില്‍ യോഗം ചേരുന്നതിന് മുമ്പ് വി എന്‍ വാസവന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ദേവസ്വം ഭാരവാഹികളെ വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, അപകടത്തിൽ മരണം 14 ആയി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഇന്ന് നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam