
തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടക്കും. മെയ് 10നാണ് തൃശൂർ പൂരം (Thrissur Pooram). എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.
രാവിലെ ഒമ്പതേ മുക്കാലോടെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പൂജിച്ച കൊടിക്കൂറ പാണി അകമ്പടിയിൽ കൊടിമരത്തിലുയര്‍ത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. പിന്നാലെ തിരുവമ്പാടിയിലും പൂരം കൊടിയേറി. ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി.
പങ്കാളികളായ 8 ഘടകക്ഷേത്രങ്ങളിലും കൊടിയേറും.കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് പെരുവനത്തിൻ്റെ നേതൃത്വത്തിൽ പാണ്ടി കൊട്ടി കൊക്കർണ്ണിയിൽ ആറാടി തിരികെയെത്തി. ബ്രഹ്മസ്വം മഠത്തിലായിരുന്നു തിരുവമ്പാടി ഭവതിയുടെ ആറാട്ട്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam