
തൃശ്ശൂർ: നിശബ്ദമായി കോവിഡ് വന്നുപോയവരെയടക്കം ചേർത്ത് കോവിഡ് ആന്റിബോഡിയുള്ളവരുടെ നിരക്ക് തൃശൂർ ജില്ലയിൽ സംസ്ഥാന ശരാശരിക്കും മുകളിലെന്ന് ഐസിഎംആർ സിറോ സർവ്വേ. 47.1 ശതമാനം പേരിലാണ് തൃശൂരിൽ കോവിഡ് പ്രതിരോധ ആന്റിബോഡി ഉള്ളതെന്നാണ് പഠന റിപ്പോർട്ട്. ഏറ്റവുമധികം രോഗികളുണ്ടായ എറണാകുളം ജില്ലയിൽ ആന്റിബോഡി സാന്നിധ്യമുള്ളവരുടെ നിരക്ക് സംസ്ഥാന ശരാശരിക്കും താഴെയാണ്. അതേസമയം കൊച്ചി കോർപ്പറേഷനിലെ 28ാം വാർഡിൽ പരിശോധിച്ച 40 പേരിൽ 34 പേരും കോവിഡ് ആന്റിബോഡിയുള്ളവരാണ്.
തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഐസിഎംആർ നാലാംഘട്ട പഠനം നടന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തവർ, വാക്സീനെടുത്തവർ, രോഗം സ്ഥിരീകരിച്ച് ഭേദമായവർ ഇങ്ങനെ എല്ലാവരെയുമുൾപ്പെടുത്തിയായിരുന്നു സർവ്വേ. തൃശൂരിലാകെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 10 വാർഡുകളിലായി 437 പേരെ പരിശോധിച്ചു. 206 പേർക്കും കോവിഡ് ആന്റിബോഡിയുണ്ട്. 47.1 ശതമാനം. സംസ്ഥാനത്താകെ ഇത് 42.7 ശതമാനമാണ്.
സംസ്ഥാനത്ത് ഇതുവരെ ഏറ്റവുമധികം രോഗികളുണ്ടായ ജില്ലയായ എറണാകുളത്താണ് പഠനത്തിൽ ആന്റിബോഡി ഉള്ളവരുടെ നിരക്ക് ഏറ്റവും കുറവ്. 432 പേരെ പരിശോധിച്ചതിൽ 39.1 ശതമാനം പേർക്കേ ആന്റിബോഡി സാന്നിധ്യമുള്ളൂ. എന്നാൽ കൊച്ചി നഗരസഭയിലെ 28ആം വാർഡിൽ 40 പേരെ പരിശോധിച്ചപ്പോൾ 34 പേർക്കും കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി സാന്നിധ്യം. കോവിഡിന്റെ ഏറ്റവും വലിയ പ്രത്യേകതയായ നിശബ്ദമായ രോഗവ്യാപനം നടന്നതാണ് ഏറ്റവുമധികം രോഗികളുണ്ടായ ജില്ല ആന്റിബോഡി സാന്നിധ്യത്തിൽ പുറകിലാവുന്നതിനും മറ്റ് ജില്ലകൾ മുന്നിലെത്തുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാനഘടകം.
എറണാകുളം കുന്നത്തുനാട് ഒന്നാം വാർഡിലാണ് ആന്റിബോഡി ഏറ്റവും കുറവ്. 43 പേരെ പരിശോധിച്ചപ്പോൾ ഒൻപത് പേരിലേ ആന്റിബോഡി ഉള്ളൂ. വെറും 20.9 ശതമാനം. പാലക്കാട് ജില്ലയിൽ 41.9 ശതമാനമാണ് ആന്റിബോഡി നിരക്ക്. 11.6 ശതമാനം പേർക്കാണ് കഴിഞ്ഞ ഡിസംബറിൽ സർവ്വേ നടത്തിയപ്പോൾ സംസ്ഥാനത്ത് ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിൽ നിന്നാണ് രണ്ടാം തരംഗത്തിൽ 42.7ലേക്കുള്ള കുതിപ്പ്.
കണക്കുകൂട്ടലുകൾക്കും അനുമാനങ്ങൾക്കും അപ്പുറം പിടികൊടുക്കാത്ത മുന്നേറുന്ന കോവിഡിന്റെ സ്വഭാവം ഈ പട്ടികയിലും കാണാനാകും. വാക്സീൻ കൂടിയെത്തിയ സാഹചര്യത്തിൽ ആന്റിബോഡി സാന്നിധ്യം ശുഭസൂചനാണെന്നും കാണാം. അതേസമയം, സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടം ഇനിയും ബഹുദൂരം നീണ്ടുകിടക്കുന്ന യുദ്ധമാണെന്നും ഈ കണക്ക് മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് റെക്കോർഡ് വാക്സീനേഷൻ
സംസ്ഥാനത്ത് ഇന്നലെയും റെക്കോർഡ് വാക്സിനേഷൻ. 5.05 ലക്ഷം പേരാണ് ഇന്നലെ കുത്തിവെപ്പ് എടുത്ത്. ഇന്നലത്തെ വാക്സീനേഷനിൽ രാജ്യത്ത് ഉത്തർപ്രദേശിനും മധ്യപ്രദേശിനും പുറകിൽ കേരളം മൂന്നാമതെത്തി. തിരുവനന്തപുരത്ത് മാത്രമായി 99802 പേർക്കാണ് വാക്സീൻ നൽകിയത്. സർക്കാർ മേഖലയിൽ മാത്രമായി 1498 കേന്ദ്രങ്ങൾ അടക്കം 1753 കേന്ദ്രങ്ങൾ പ്രവർത്തിച്ചു. സംസ്ഥാനത്തേക്ക് രണ്ടേമുക്കാൽ ലക്ഷം ഡോസ് വാക്സീൻ കൂടി ഇന്നലെ എത്തി. മൊത്തം ഇതുവരെ 1.97 കോടി പേർക്ക് വാക്സീൻ നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam