തൃത്താല പീഡനം: പെൺകുട്ടി ഉപയോഗിച്ചത് ഹോട്ടലുടമയുടെ സിം കാർഡ്, ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്

By Asianet MalayalamFirst Published Jul 13, 2021, 10:25 AM IST
Highlights

പെൺകുട്ടി അവസാനമുപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർടി നടന്ന ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം ഫോൺ പിടികൂടിയതിന് പിന്നാലെ ഹോട്ടലുടമ ഡ്യൂപ്ലിക്കേറ്റ് സിം കാർഡെടുക്കുകയായിരുന്നു

പാലക്കാട്: തൃത്താല കറുകപുത്തൂരില്‍ പീഡനത്തിനിരയായ പെൺകുട്ടിയെ താമസിപ്പിച്ച ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പിയിലെ ഹോട്ടലിലെ ലഹരി പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ലഹരി സംഘങ്ങളുമായി ഹോട്ടൽ ഉടമയുടെ ബന്ധവും പൊലീസ് പരിശോധിക്കുകയാണ്. ലഹരി മരുന്ന് നൽകിയായിരുന്നു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി അവസാനമുപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർടി നടന്ന ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം ഫോൺ പിടികൂടിയതിന് പിന്നാലെ ഹോട്ടലുടമ ഡ്യൂപ്ലിക്കേറ്റ് സിം കാർഡെടുക്കുകയായിരുന്നു. സിം കാർഡ് പെൺകുട്ടിയുടെ കൈവശം എത്തിയത് അടക്കം ഹോട്ടൽ ഉടമയ്ക്ക് പെൺകുട്ടിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ വൻ ലഹരി സംഘമുണ്ടെന്നതിൽ വ്യക്തത വന്നത്. പതിനാറ് വയസ് മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാണിച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനം. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികൾ. 

കഴിഞ്ഞമാസം നാലിനാണ് പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലാംദിവസമാണ് തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നത്. ഇതിനിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒൻപത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!