സുപ്രീം കോടതിയുടേത് മികച്ച വിധി; ശബരിമല കയറാന്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി

By Kiran GangadharanFirst Published Nov 14, 2019, 3:07 PM IST
Highlights
  • മുസ്ലിം പള്ളികളിലും പാഴ്സി ആരാധനാലയമായ അഗിയാരികളിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം വിശാല ബെഞ്ചിന് വിട്ടത് മികച്ച തീരുമാനം
  • താൻ വരുന്ന കാര്യം കേരള പൊലീസിനെയും സര്‍ക്കാരിനെയും മുൻകൂട്ടി അറിയിക്കുമെന്നും തൃപ്തി പറഞ്ഞു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് മികച്ചതെന്ന് തൃപ്തി ദേശായി. ഏഷ്യാനെറ്റ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഇക്കുറി ശബരിമല സന്ദ‍ര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

"നിലവിൽ ശബരിമലയിലെ യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമലയോടൊപ്പം മുസ്ലിം പള്ളികളിലും പാഴ്സി ആരാധനാലയമായ അഗിയാരികളിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിശാല ബെഞ്ചിന് വിട്ടുവെന്നാണ് മനസിലാക്കുന്നത്. ഇത് വളരെ മികച്ച തീരുമാനമാണ്," അവര്‍ പറഞ്ഞു.

"വിശാല ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ്. അത് ഉടൻ വരണമെന്നാണ് അഭിപ്രായം. നിലവിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ നവംബ‍ര്‍ 17 ന് നട തുറന്നാൽ അവിടെ സ്ത്രീകൾക്ക് പ്രവേശിക്കാം. അതിനാൽ ഇക്കുറിയും ശബരിമലയിലേക്ക് വരും," അവര്‍ വ്യക്തമാക്കി. താൻ വരുന്ന കാര്യം കേരള പൊലീസിനെയും സര്‍ക്കാരിനെയും മുൻകൂട്ടി അറിയിക്കുമെന്നും അവര്‍ പറഞ്ഞു. 

ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സമ‍ര്‍പ്പിച്ചത് തൃപ്തി ദേശായയുടെ നേതൃത്വത്തിലായിരുന്നു. 2018 ൽ പരമോന്നത കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ ശേഷം അവര്‍ കേരളത്തിൽ വന്നിരുന്നു. ശബരിമല സന്ദര്‍ശിക്കാൻ മുൻകൂട്ടി അറിയിച്ചാണ് അവര്‍ എത്തിയത്. എന്നാൽ കൊച്ചി വിമാനത്തിൽ പ്രതിഷേധക്കാര്‍ അവരെ തടഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘ‍ര്‍ഷാവസ്ഥയ്ക്ക് ഒടുവിൽ തൃപ്തിയെ തിരിച്ചയക്കുകയായിരുന്നു.

click me!