സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസില്‍ നീക്കം സജീവം: പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചെന്നും പരാതി ?

By Web TeamFirst Published Jan 14, 2020, 6:42 AM IST
Highlights

എന്നാൽ പാർട്ടി അധ്യക്ഷൻ താനാണെന്നും തന്നെ പുറത്താക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് അധികാരമില്ലെന്നും സുഭാഷ് വാസു ആവർത്തിക്കുന്നു.

ചേര്‍ത്തല: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി തുഷാർ വെള്ളാപ്പള്ളി. ജില്ലാ കമ്മിറ്റികൾ പാസാക്കിയ പുറത്താക്കൽ പ്രമേയങ്ങൾക്ക് ഈ ആഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ അംഗീകാരം നൽകും. അതിനിടെ എസ്എൻഡിപിയുടെ മാവേലിക്കര ഓഫീസിൽ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ ലക്ഷ്യം. സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള പ്രമേയങ്ങൾ, ബിഡിജെഎസ് ജില്ലാ കമ്മിറ്റികൾ പാസാക്കിയിരുന്നു. 15 ന് ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ പ്രമേയം ചർച്ച ചെയ്യും. തൊട്ടടുത്ത ദിവസം വീണ്ടും കൗൺസിൽ കൂടി പുറത്താക്കാനാണ് തീരുമാനം. എന്നാൽ പാർട്ടി അധ്യക്ഷൻ താനാണെന്നും തന്നെ പുറത്താക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് അധികാരമില്ലെന്നും സുഭാഷ് വാസു ആവർത്തിക്കുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകളിൽ പാർട്ടി അധ്യക്ഷൻ തുഷാറാണെന്ന് ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നു. അതിനിടെ, എസ്എൻഡിപിയുടെ മാവേലിക്കര യൂണിയൻ ഓഫീസിൽ നിന്ന് 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം സുഭാഷ് വാസുവും കൂട്ടരും മോഷ്ടിച്ചെന്നാണ് അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയുടെ പുതിയ പരാതി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അഡ്മിനിസ്ട്രേറ്റർ കത്ത് നൽകി. അതേസമയം ഈ മാസം 16 മുതൽ തുടർച്ചയായ വാർത്താസമ്മേളനങ്ങൾ വിളിച്ചുകൂട്ടി വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സുഭാഷ് വാസു വ്യക്തമാക്കി.

click me!