
വയനാട്: വയനാട്ടിലെ കൃഷ്ണഗിരിയിൽ വീണ്ടും കടുവയുടെ ആക്രമണം. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ രണ്ട് ആടുകളെ ഇന്ന് കടുവ കൊന്നു. ഇതോടെ ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്തു മൃഗങ്ങളായി. അതേസമയം കടുവയെ പിടികൂടാനുള്ള നടപടികൾ ഇനിയും വിജയം കണ്ടിട്ടില്ല. ഒരു മാസമായിട്ടും തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർആർടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ 3 കൂടുകളും ദൃശ്യങ്ങൾ ശേഖരിക്കാൻ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നത് വ്യക്തമാകുന്നുണ്ട്. എന്നാൽ കൂട്ടിൽ കയറുന്നില്ല.
ഇന്ന് വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഇതിനിടെ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.