
തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ടു. വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിൽ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ടത്. കൂടിൻ്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയ്ക്കായി പ്രദേശത്തെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പടർത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് വനംവകുപ്പിൻ്റെ കെണിയിൽ വീണത്. ഇന്നലെ രാവിലെയാണ് കടുവ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. വയനാട്ടിൽ വച്ച് പത്തോളം ആടുകളെ പിടിച്ചു കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. എന്നാൽ അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നൽകിയ ശേഷം വയനാട്ടിൽ കാട്ടിൽ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.
ട്രീറ്റ്മെൻ്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിൻ്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്. കടുവ നെയ്യാർ സഫാരി പാർക്കിൽ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോൺ ക്യാമറയടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്.
നെയ്യാർ സഫാരി പാർക്കിലുള്ള രണ്ട് സിംഹങ്ങളും സുരക്ഷതിരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ തിരുവനന്തപുരം മൃഗശാലയിൽ നിന്നും വെറ്റിനറി ഡോക്ടർ അടക്കമുള്ള സംഘം നെയ്യാറിലെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam