
കൽപ്പറ്റ: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ഉത്തരവിൽ പറയുന്നു. പ്രദേശത്തെ ജനവാസ മേഖലയിൽ കടുവ സാന്നിധ്യമുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും ഈ വാർഡുകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
പനമരത്തിനടുത്ത പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ കണ്ടത്. രണ്ട് ദിവസമായി കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ് വനം വകുപ്പ്. കടുവയെ വനത്തിലേക്ക് തുരത്താനായില്ലെങ്കില്‍ മയക്കുവെടിവെക്കാനാണ് തീരുമാനം. ഇതിനുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പൂര്‍ണ ആരോഗ്യവാനായ കടുവയാണ് പ്രദേശത്ത് ഇറങ്ങിയതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കടുവ വനത്തിന് അകലയല്ലാതെ നിലയുറപ്പിച്ചതിനാലുമാണ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കാനുള്ള കാരണം. എന്നാൽ രാത്രി കടുവ ജനവാസ മേഖലയിലേക്ക് നീങ്ങിയെന്നാണ് ലഭിച്ച വിവരം.
ജനവാസ പ്രദേശമായ മേച്ചേരിക്കുന്നിലേക്ക് വളരെ വേഗത്തില്‍ ഓടുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്ന് നാല് കിലോമീറ്റര്‍ അപ്പുറത്ത് പാതിരി വനമുണ്ട്. അവിടേക്ക് കടുവയെ എത്തിക്കാനുള്ള ശ്രമമാണ് പാളിയത്. ജനവാസ മേഖലയിലേക്ക് കടുവ നീങ്ങിയതോടെ വനംദ്രുത കര്‍മ്മ സേനാംഗങ്ങളും പിന്നാലെ പോയി. എന്നാല്‍ രാത്രിയായതിനാല്‍ കടുവയുടെ നീക്കം തിരിച്ചറിയുക പ്രയാസമാണ്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിത ഇടവേളകളില്‍ കടുവയുടെ നീക്കം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉച്ചഭാഷിണികളിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam