പുല്‍പ്പള്ളിയിലിറങ്ങിയ കടുവയെ കണ്ടെത്തി: മയക്കുവെടി വച്ചു വീഴ്ത്താന്‍ നീക്കം

By Web TeamFirst Published May 8, 2019, 10:37 AM IST
Highlights

കഴിഞ്ഞ ഒരു മണിക്കൂറോളമായി കടുവ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും അനുമതി ലഭിച്ചാലുടന്‍ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തും.

മുള്ളൻക്കൊല്ലി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. നേരത്തെ പുല്‍പ്പള്ളിയിലെ ജനവാസമേഖലയില്‍ ഇറങ്ങി ഒരു വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ ആടിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി കടുവയെ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ഒരു മണിക്കൂറോളമായി കടുവ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും അനുമതി ലഭിച്ചാലുടന്‍ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തും.

 കടുവയെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല. കടുവ  അക്രമകാരിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജനവാസമേഖലകളില്‍ തന്നെ കടുവ കറങ്ങി നടക്കുന്ന സാഹചര്യത്തില്‍ മയക്കുവെടി വച്ച് പിടികൂടുന്നതാണ് നല്ലതെന്ന നിലപാട് ഉന്നത ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

കടുവയെ പിടികൂടുന്നത് വരെ അതീവജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് എത്തിയവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ച് അയക്കുകയാണ്.  കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ  മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറകടവ്,വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാൽ ഉണ്ടാകുന്ന അപായസൂചന മുന്നിൽകണ്ടാണ് 144 പ്രഖ്യാപിച്ചത്. 
 

click me!