വായ്പകള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി

By Web TeamFirst Published Mar 26, 2019, 10:14 PM IST
Highlights

മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുന്‍പേ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി  ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നു. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി. സംസ്ഥാനത്ത് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ നടപടി ആരംഭിക്കുകയും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തലാണ് കാര്‍ഷിക വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അ‍ഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുന്‍പേ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി  ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ശകാരിച്ചിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച ഫയലും അപേക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ ഇളവ് വരുത്തി ഉത്തരവ് ഇറക്കാണമെങ്കില്‍ കൂടുതല്‍ വ്യക്തമായ അപേക്ഷ വേണമെന്ന മറുപടിയോടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫയല്‍ മടക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഫയലില്‍ കുറിച്ചതായാണ് വിവരം.  ഇതോടെ വോട്ടെടുപ്പിന് മുന്‍പ് ഉത്തരവ് ഇറങ്ങാനുള്ള സാധ്യത കുറയുകയാണ്. 

click me!