
തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ ടിക്കാറാം മീണയുടെ ആത്മകഥയായ തോൽക്കില്ല ഞാൻ പ്രകാശനം ചെയ്തു. ടിക്കാറാം മീണയുടെ പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെയുള്ള ആരോപണങ്ങൾ പുസ്തകത്തിൽ അതേപടി നിലനിർത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പരാമർശങ്ങൾ നീക്കിയ ശേഷം പ്രസിദ്ധീകരിക്കണമെന്ന പി ശശിയുടെ ആവശ്യം മീണ തള്ളിയിരുന്നു. തന്നെ കുറിച്ചുള്ള പരാമർശം നീക്കിയില്ലെങ്കിൽ മാന നഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി പി.ശശി ഇന്നലെ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അത് കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് ടിക്കാറാം മീണ. തോൽക്കില്ല ഞാൻ എന്ന പുസ്തകം തിരുവനന്തപുരത്ത് ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാാശനം ചെയ്തു.
കേരളം കർമ്മ ഭൂമിയാണെന്ന് പ്രകാശന ചടങ്ങിൽ ടിക്കാറാം മീണ പറഞ്ഞു. തോൽക്കില്ല ഞാൻ എന്ന പുസ്തകം കേരളത്തിലെ ജനങ്ങൾക്കാണ് സമർപ്പിക്കുന്നത്. ജനങ്ങൾക്ക് ഒപ്പമാണ് എല്ലാ കാലത്തും പ്രവർത്തിച്ചത്.അവരിൽ നിന്ന് എല്ലാ കാലത്തും പിന്തുണ ലഭിച്ചു. എല്ലാ മുഖ്യമന്ത്രിമാരുടെയും സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട് ചില കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും ശത്രുക്കളല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു ടിക്കാറാം മീണയെന്ന് ശശീ തരൂർ പറഞ്ഞു. നിർഭയമായി പ്രവർത്തിച്ചതിനാൽ ചില തിക്താനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി എന്നും അതാണ് പുസ്തകത്തിലുള്ളതെന്നും തരൂർ പറഞ്ഞു.വസ്തുനിഷ്ഠമാണ് ടിക്കാറാം മീണയുടെ പുസ്തകമെന്ന് മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.
പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്പ്ര ഭാ വർമയും മീഡിയ അക്കാദമി അധ്യക്ഷൻ ആർ.എസ്.ബാബുവും വിട്ടുനിന്നു.
'പി ശശിയുടെ വക്കീൽ നോട്ടീസ് കാര്യമാക്കുന്നില്ല; പുസ്തകം ഇറക്കുന്നത് മുഖ്യമന്ത്രിമാരുടെ പേരുകൾ ഒഴിവാക്കി': മീണ
തിരുവനന്തപുരം: പുസ്തകത്തിനായി സർക്കാരിനോട് രേഖാമൂലം അനുമതി തേടിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തിരുത്തിയ പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ടിക്കാറാം മീണ അറിയിച്ചു. മുഖ്യമന്ത്രിമാരുടെ പേരുകൾ ഉള്ള ഭാഗങ്ങൾ മാറ്റണം എന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. തനിക്ക് എതിരായ ഭാഗങ്ങൾ ഒഴിവാക്കണം എന്ന പി ശശിയുടെ വക്കീൽ നോട്ടീസ് പരിഗണിക്കില്ലെന്നും മീണ വ്യക്തമാക്കി.
ടിക്കാറാം മീണയുടെ ആത്മകഥയിൽ തനിക്കെതിരായി നടത്തിയ പരാമർശത്തിലാണ് പി ശശിയുടെ വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഈ പരാമർശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസിൽ പറയുന്നു. നായനാർ സർക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയിൽ മീണയുടെ ആരോപണം.
തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ കെ നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയിൽ മീണയുടെ വെളിപ്പെടുത്തൽ. നിക്കെതിരായ പരാമർശം പിൻവലിക്കണമെന്നും ഈ പരാമർശം അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കരുത് എന്നും കാണിച്ചാണ് ശശി വക്കീൽ നോട്ടീസ് നൽകിയത്. വയനാട് കളക്ടറായിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.
ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. ഇന്ന് പിണറായി വിജയനൻ്റേയും പണ്ട് ഇ കെ നായനാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള്നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി.സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായി.
ഇതിനെല്ലാം തലസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി ശശിയാണ്. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ.നയനാർ തന്നെ തനിക്കായി വാദിച്ചവരോട് പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത്, സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ, പിന്നീട് മുഖ്യമന്ത്രിയായ എ കെആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങൾ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam