എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി

Published : Jan 18, 2026, 11:37 PM IST
SIR

Synopsis

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രേഖകൾ സമർപ്പിക്കാനുള്ള സമയം ഇലക്ഷൻ കമ്മീഷൻ ഈ മാസം 30 വരെ നീട്ടി. സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടി. 

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു.

പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവിൽ പട്ടികയിൽ നിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

ഇതോടെ കേരളത്തിലെ എസ് ഐ ആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി സമയം നീട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.

ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്‍റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്‍ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു