മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്ന് തീരും; സർക്കാർ റിപ്പോർട്ട് സുപ്രീംകോടതിയിൽ

By Web TeamFirst Published Sep 20, 2019, 6:13 AM IST
Highlights

റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ചർച്ച നടത്തും. സർക്കാരിന് വേണ്ടി തുഷാർ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ചർച്ച നടത്തും. അതേസമയം, ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

23ന് കേസ് പരിഗണിക്കുമ്പോൾ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാർ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നാണ് കോടതിയുടെ താക്കീത്. അതുകൊണ്ടുതന്നെ കോടതിയിൽ നിന്നുള്ള കടുത്ത ഇടപെടൽ തടയാനാണ് സർക്കാർ നീക്കങ്ങൾ. അഭിഭാഷകരുമായുള്ള കൂടിയാലോചനക്ക് ശേഷമാകും ഇതിനുള്ള സർക്കാർ നടപടികൾ.

അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ർ ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. സൈനികൻ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാൻ ഫ്ലാറ്റുകളുടെ മതിലിൽ പതിച്ച നോട്ടീസ് നിയമാനുസൃതമല്ലെന്ന് ഹർജിക്കാരൻ ചൂണ്ടികാട്ടുന്നു. കെട്ടിട നികുതി കൃത്യമായി നൽകുന്ന തന്നെ ഫ്ലാറ്റിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണം. എന്നാൽ നഗരസഭാ സെക്രട്ടറി നോട്ടീസ് നേരിട്ട് നൽകുക പോലും ചെയ്തിട്ടില്ലെന്നും ഹ‍ർജിക്കാരൻ ആരോപിക്കുന്നു.

click me!