Anupama Child Missing Case : കുഞ്ഞിനെ തിരികെ കിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന്‍റെ നാള്‍ വഴി

By Web TeamFirst Published Nov 24, 2021, 7:07 PM IST
Highlights

കുടുംബസ്ഥനായ ഒരാളുമായുള്ള ബന്ധത്തില്‍ വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയെന്നതായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അനുപമയുടെ കുടുംബം കണ്ടെത്തിയ ന്യായം. പക്ഷേ തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടേയും പങ്കാളിയുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു നീതി നിഷേധം നടത്തിയവര്‍ക്ക്. 

ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് (Anupama) സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കുന്നത്. സദാചാര വാദങ്ങളുടെ പേരില്‍ സ്വന്തം കുഞ്ഞിനെ ജനിച്ച് മൂന്നാം നാളിലാണ് തിരുവനന്തപുരം സ്വദേശിനിയ്ക്ക് നഷ്ടമായത്. വിവാഹത്തിന് മുന്‍പ്  കുടുംബസ്ഥനായ ഒരാളുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞെന്നതായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അനുപമയുടെ കുടുംബം കണ്ടെത്തിയ ന്യായം. പക്ഷേ തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടേയും പങ്കാളിയുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു നീതി നിഷേധം നടത്തിയവര്‍ക്ക്. 

അനുപമയുടെ പോരാട്ടത്തിന്‍റെ നാള്‍ വഴികള്‍

2020 ഒക്ടോബര്‍ 22നാണ് കുഞ്ഞിനെ അനുപമയുടെ രക്ഷിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് കൈമാറി. 2020 ഒക്ടോബറില്‍ പ്രസവത്തിന് മുന്‍പ് തന്നെ അച്ഛന്‍ പി എസ് ജയചന്ദ്രന്‍ അനുപമയേക്കൊണ്ട് ഇതിന് ആവശ്യമായ മുദ്രപത്രത്തില്‍ ഒപ്പിടീപ്പിച്ചിരുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നത് വരെ കുട്ടിയെ മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു രക്ഷിതാക്കള്‍ അനുപമയെ ധരിപ്പിച്ചത്. ഒക്ടോബര്‍ 22 ന് രാത്രി 12.30ഓടെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചതായാണ് സമിതിയുടെ രേഖകളിലുള്ളത്. 

ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞെന്ന പേരിലാണ് ആദ്യം സമിതിയുടെ രേഖകളില്‍ ഉള്‍പ്പെടുത്തിയത്. തൈക്കാട് ആശുപത്രിയിലെയും ശിശുക്ഷേമസമിതിയിലെയും രേഖകളില്‍ പെണ്‍കുഞ്ഞെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതും. മലാല എന്ന പേരിലായിരുന്നു അടുത്ത ദിവസത്തെ പത്രക്കുറിപ്പില്‍ ശിശുക്ഷേമ സമിതി വ്യക്തമാക്കിയത്. ലിംഗമാറ്റം വിവാദമായതോടെ പിന്നീട് തിരുത്തുകയായിരുന്നു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയത്തുണ്ടായ പിഴവെന്നായിരുന്നു ശിശുക്ഷേമ സമിതി ഇതിനേക്കുറിച്ച് വിശദമാക്കിയത്. 

കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും ചുരണ്ടിമാറ്റിയ നിലയിലാണുള്ളത്.

നവംബര്‍ നാലിന് കുഞ്ഞിനെ ദത്തുനല്‍കാന്‍ പോവുകയാണെന്ന് വിശദമാക്കുന്ന പത്രപരസ്യം നല്‍കി

ഏപ്രില്‍ 19ന് കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി അനുപമയും അജിത്തും പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുന്നു. നടപടികളൊന്നും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 29ന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അനുപമ പരാതി നല്‍കുന്നു.  സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും അനുപമ പരാതി നല്‍കുന്നു. 

മേയ് മാസത്തില്‍ പേരൂര്‍ക്കട പൊലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നു, പക്ഷേ കേസ് എടുക്കുന്നില്ല.  

ജൂലൈ മാസം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ വൈബ്സൈറ്റില്‍ അനുപമയുടെ കുഞ്ഞിന്‍റെ വിവരങ്ങള്‍ ചേര്‍ക്കുന്നു. അനുപമയുടേയും അജിത്തിന്‍റേയും അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ആന്ധ്രപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് ദത്തുനല്‍കുന്നു. ഇതിന് രണ്ട് ദിവസം പിന്നാലെ തന്‍റെ രക്ഷിതാക്കള്‍ കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമ സമിതിയിലാണെന്ന് അനുപമയ്ക്ക് പൊലീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നു. 

ഓഗസ്റ്റ് 11 കുഞ്ഞിനെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയില്‍ എത്തുന്നു. ഡിഎന്‍എ പരിശോധനയും ഈ സമയം അനുപമ ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 30 മറ്റൊര് കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തുന്നു. ഫലം നെഗറ്റീവായി. മറ്റൊരു കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന സെപ്തംബര്‍ 30ന് നടക്കുന്നു. ഒക്ടോബര്‍ ഏഴിന് ഇതിന്‍റെ ഫലം നെഗറ്റീവെന്ന് വ്യക്തമാകുന്നു. 

ഒക്ടോബര്‍ 13ന് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാന്‍ കുടുംബ കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നു. ദത്തുകേന്ദ്രത്തിലെ സീനിയോരിറ്റി മറികടന്നായിരുന്നു ഈ ദത്ത് നല്‍കല്‍. 

ഏഷ്യാനെറ്റ് ന്യൂസിലൂടെ അനുപമയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ ഒക്ടോബര്‍ 19ന് പേരൂര്‍ക്കട പൊലീസ് അനുപമയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കുന്നു. കേസ് കോടതിയുടെ മുന്നിലേക്ക് എത്തിക്കാനുള്ള ശ്രമം അനുപമ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. ഒക്ടോബര്‍ 21 ന് അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്ത് ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഒക്ടോബര് 22ന് ഉയര്‍ത്തിയത്. 

ഒക്ടോബര്‍ 23ന് അനുപമ നിരാഹാര സമരം ആരംഭിക്കുന്നു. പാര്‍ട്ടിയും പൊലീസും കയ്യൊഴിഞ്ഞെന്നാണ് സമരത്തിനിടെ അനുപമ വിശദമാക്കിയത്. ഇതിനിടെ അജിത്തിന്‍റെ ആദ്യ ഭാര്യ അനുപമയ്ക്കെതിരെ ആരോപണവുമായി വരുന്നു. 

കുഞ്ഞിനെ ദത്തുനല്‍കിയത് നിയമപ്രകാരമാണെന്ന വാദവുമായി ഒക്ടോബര്‍ 24 ന് ഷിജുഖാന്‍റെ പ്രതികരണം വരുന്നു. 

ഒക്ടോബര്‍ 25 ന് തിരുവനന്തപുരം കുടുംബ കോടതി ദത്ത് നടപടിക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്യുന്നു. താല്‍ക്കാലികമായി ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിലെത്തിയതിന് പിന്നാലെയായിരുന്നു ഇത്. 

ഒക്ടോബര്‍ 26ന് അനുപമയുട കുഞ്ഞിന്‍റ ദത്ത് നിയമസഭയില്‍ ചര്‍ച്ചയാവുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുന്നു. 

ഒക്ടോബര്‍ 27ന് വനിതാ ശിശു വികസന ഡയറക്ടര്‍ ടിവി അനുപമ അജിത്തിന്‍റേയും അനുപമയുടേയും മൊഴി എടുക്കുന്നു.

നവംബര്‍ 1 ന് കുഞ്ഞിന് ആവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കുന്നു. നവംബര്‍ 2ന് ഈ ഹര്‍ജി ഹൈക്കോടതി തള്ളുന്നു. 

നവംബര്‍ 18നാണ് ആന്ധ്ര പ്രദേശിലുള്ള കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിടുന്നു. 

നവംബര്‍ 21 ന് കുഞ്ഞിനെ കേരളത്തിലേക്ക് തിരികെയെത്തിക്കുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ എടുക്കുന്നു. 

നവംബര്‍ 23 ഡിഎന്‍എ ഫലം വരുന്നു. കുഞ്ഞിന്‍റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അനുപമയും അജിത്തുമാണെന്ന് വ്യക്തമാകുന്നു.

നവംബര്‍ 24ന് കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും വിട്ടുനല്‍കാന്‍ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിടുന്നു. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു  കോടതിയുടെ ഉത്തരവ്. 

click me!