സംസ്ഥാന സർക്കാരിന്‍റെ ക്ഷേത്രക്കൊള്ള അവസാനിപ്പിക്കണം, മറ്റ് മതങ്ങളിലെ പോലെ ഹിന്ദുക്കൾക്കും സ്വന്തം ആരാധനാലയം കൈകാര്യം ചെയ്യാനാകണം: രാജീവ് ചന്ദ്രശേഖർ

Published : Oct 05, 2025, 05:38 PM IST
Rajeev Chandrasekhar

Synopsis

‘ഹിന്ദുക്കൾ ഒഴികെയുള്ള മറ്റെല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ അനുവാദമുള്ളപ്പോൾ ഹിന്ദുക്കളോടുള്ള ഈ വിവേചനം എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’

ദില്ലി: കോൺഗ്രസും സി പി എമ്മും കേരളത്തിൽ നടത്തിവരുന്ന ക്ഷേത്രക്കൊള്ളകൾ അവസാനിപ്പിക്കാൻ സമയമായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പതിറ്റാണ്ടുകളായി ഭരണം കയ്യാളിപ്പോരുന്ന കോൺഗ്രസും സി പി എമ്മും കാലാകാലമായി ഇന്നാട്ടിലെ ദരിദ്രരിൽ നിന്നും സാധാരണക്കാരിൽ നിന്നും കർഷകരിൽ നിന്നും, വ്യാപാരികളിൽ ബിസിനസുകാരിൽ നിന്നുമെല്ലാം നിരന്തരം കൊള്ള നടത്തി വരികയാണ്. പട്ടികജാതി, പട്ടികവർഗ ക്ഷേമ പദ്ധതികളിൽ നിന്ന് പോലും അവർ കയ്യിട്ട് വാരുന്നു. നമ്മുടെ ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡുകളിലും അവരുടെ അഴിമതി തുടരുന്നു എന്ന് വ്യക്തമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാനും ക്ഷമിക്കാനും കഴിയുന്നതല്ല. അഴിമതിയുടെയും ചൂഷണങ്ങളുടെയും കാര്യത്തിൽ കോൺഗ്രസും സി പി എമ്മും ഇരട്ട സഹോദരങ്ങൾ തന്നെയെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിയും. കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭക്തൻ നിയന്ത്രിക്കപ്പെടുന്നത് കോൺഗ്രസും സിപി എമ്മും ഒരുപോലെ എതിർക്കുകയും ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമാക്കി നിലനിർത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

ഹിന്ദുക്കൾക്കും സ്വന്തം ആരാധനാലയം കൈകാര്യം ചെയ്യാനാകണം

ഹിന്ദുക്കൾ ഒഴികെയുള്ള മറ്റെല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ അനുവാദമുള്ളപ്പോൾ ഹിന്ദുക്കളോടുള്ള ഈ വിവേചനം എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശബരിമലയിൽ ഈ കൊള്ള നടക്കുന്നുണ്ടെങ്കിൽ ഇന്നാട്ടിലെ പ്രധാനപ്പെട്ട എത്ര ക്ഷേത്രങ്ങൾ ഇതേ രീതിയിൽ കൊള്ളയടിക്കപ്പെടുന്നുണ്ട് എന്നത് ചിന്തിക്കപ്പെടേണ്ടതാണ്. അവയും രാഷ്ട്രീയ അഴിമതിയുടെ കേന്ദ്രങ്ങൾ തന്നെയാവുമെന്നതിൽ സംശയം വേണ്ട. ഹൈന്ദവ ആരാധനാലയങ്ങളിൽ നടക്കുന്ന ഇത്തരം കൊള്ളകൾ ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതും അതിനുത്തരവാദികളായവരോട് ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ് എന്നും രാജിവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ പറഞ്ഞു.

അയ്യപ്പഭക്തരോട് സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന

അതേസമയം ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സി പി എം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു. 2018 ൽ ശബരിമലയുടെ സംസ്കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് കണ്ടു. പിന്നാലെ ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലർത്തുന്നവരുമാണ് പിണറായി വിജയന്‍റെ സി പി എം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളിൽ നിന്ന് വ്യക്തം. പിണറായി വിജയന്‍റെ സി പി എമ്മിന് ഒന്നുമേ പവിത്രമല്ല. ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവർക്ക് ശരിയാണ്. അഴിമതിയിൽ ആരാണ് മുന്നിലെന്ന മത്സരത്തിലാണ് സി പി എമ്മും കോൺഗ്രസും. ഈ സർക്കാർ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജൻസികളാണെന്നും രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവനയില്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി