
തിരുവനന്തപുരം: തിരുവനന്തപുരം പനവിള ജംഗ്ഷനിൽ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. ടിപ്പറോടിച്ച സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനായ ജിഎസ് സുധീർ ആണ് മരിച്ചത്. അപകടത്തിന് ശേഷം സുധീറിന്റെ ദേഹത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നുള്ള കല്ല് വീണു അനന്തു എന്ന വിദ്യാർത്ഥിയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം ഉണ്ടായിരിക്കുന്നത്.
നഗരമാധ്യത്തിൽ പനവിള സിഗ്നലിന് സമീപത്താണ് അപകടമുണ്ടായത്. അശ്രദ്ധമായി ടിപ്പർ ഓടിച്ചതാണ് അപകടത്തിന്റെ കാരണം. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സുധീറിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. പട്ടത്തെ സഹോദരിയുടെ വീട്ടിൽ പോയി മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സുധീറിന് അപകടമുണ്ടായത്. സുധീറിന്റെ സംസ്കാരം നാളെ നടക്കും. ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണുള്ളത്.