5 ദിവസത്തിനിടെ 15 പേര്‍ക്ക് ഹൃദയാഘാതം; മലകയറാനെത്തുന്നവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

By Web TeamFirst Published Nov 21, 2019, 3:56 PM IST
Highlights

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്

പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ആ നിലയ്ക്ക് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ പെട്ടെന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല നട തുറന്ന് 5 ദിവസം കൊണ്ട് 15 പേര്‍ക്കാണ് ഹൃദയാഘാതം വന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 20 വയസ് മുതല്‍ 76 വയസ് വരെയുള്ളവരാണ് ഇവര്‍. സമയോചിതമായ ഇടപെടലിലൂടെ ഇവരുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പിനായെന്നും മന്ത്രി വിവരിച്ചു. ഈയൊരു ഗുരുതര സാഹചര്യം മനസിലാക്കി ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രിയുടെ വാക്കുകള്‍

എല്ലാ പ്രധാന സെന്‍ററുകളിലും കാര്‍ഡിയോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ഇടത്താവളങ്ങളിലും സജ്ജമാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ ഭാഷകളിലും ഇതുസംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുന്നു. ഇത് പരമാവധി തീര്‍ത്ഥാടകരിലേക്ക് എത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം.
2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
3. 45 വയസിന് മുകളിലുള്ള എല്ലാ തീര്‍ഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതി മര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
4. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീര്‍ത്ഥാടകര്‍ വ്രതത്തിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്.
5. ആത്സ്മ രോഗികളും അലര്‍ജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും മലകയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയില്‍ നടത്തുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആത്സ്മ രോഗികള്‍ അവരുടെ വ്യായാമത്തില്‍ ഓട്ടവും എയറോബിക് വ്യായാമവും ഉള്‍പ്പെടുത്തി മല കയറ്റത്തിന് മുന്‍കൂട്ടി തയ്യാറാകണം.

click me!