
പമ്പ: ശബരിമലയിൽ തിരുപ്പതിമോഡൽ ദർശനത്തിനായി പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിലൈസ്ഡ് പിൽഗ്രിം മാനേജ്മെന്‍റ് സിസ്റ്റമെന്ന പേരിൽ പൊലീസും ദേവസ്വവും കെ എസ് ആർ ടി സിയും ചേർന്നാണ് പുതിയ പദ്ധതി സജ്ജമാക്കുന്നത്. ശബരിമല ദർശനം പൂർണമായും ഓണ്‍ലൈൻ വഴിയാക്കുകയാണ് ലക്ഷ്യം.
ശബരിമലയാത്ര- ദർശനം-താമസം,വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്‍റെ പുതിയ സൈറ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ ലൈൻവഴി തീർത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ നിലയക്കൽ- പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എത്തിചേരുന്ന സമയം മുൻകൂട്ടി നിശ്ചയിക്കും. ഓണ്‍ ലൈൻ വഴി ബുക്ക് ചെയ്ത് കിടുന്ന രസീതുകള്‍ സ്വീകരിക്കാൻ നിലയ്ക്കലിൽ കൂടുതൽ കൗണ്ടറുകള്‍ ഉണ്ടാകും. ഇവിടെ നിന്നും വഴിപാടും രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീർത്ഥാടകർക്ക് നൽകും.
ഓരോ ഭക്തർക്കും ദർശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്ആർടിസി ഒരുക്കും. ദർശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈൻ ബുക്ക് ചെയ്തുവരുന്നവർക്കായിരിക്കും യാത്രക്കും ദർശനത്തിനുമെല്ലാം മുൻഗണന. ഓണ്‍ലൈൻ ബുക്ക് ചെയ്തുവരുന്നവർ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് പത്മകുമാർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം വരെ പൊലീസിന്‍റെ വെർച്ചൽ ക്യൂ സംവിധാനമുണ്ടായിരുന്നുവെങ്കിലും നിരവധി പാളിച്ചകള്‍ ഇതിലുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ നേതൃത്വത്തിൽ പുതിയ സോഫ്റ്റ് വയർ ഉണ്ടാക്കുന്നത്. ശബരിമല ദർശനം ഭാവിയിൽ പൂർണമായി ഓണ്‍ലൈൻ വഴിയാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബർ അവസാനത്തോടെ ഓണ്‍ലൈൻ ബുക്കിംഗ് തുടങ്ങാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഓണ്‍ ലൈൻ വഴി ബുക്ക് ചെയ്യുന്നവരും, ബുക്ക് ചെയ്താതെ നേരിട്ട ദർശനത്തെത്തുന്നവരും തമ്മിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പൊലീസ് മുൻകൂട്ടികാണുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam