
തിരുവല്ല: റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക നൽകാത്തതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂർ - കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനൽകിയ തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരന് 5,34,694 രൂപ (അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാല് രൂപ) നഷ്ടപരിഹാരമായി നൽകാനായിരുന്നു കോടതിയുടെ വിധി. എന്നാൽ റവന്യൂ അധികൃതർ തുക നൽകാതെ നീട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ഔദ്യോഗിക ജീപ്പ് എന്നിവ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. കോടതി ജീവനക്കാരെത്തിയാണ് താലൂക്ക് ഓഫീസിലെ വസ്തുക്കളും വാഹനവും ജപ്തി ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam