ടൈറ്റാനിയം ജോലി തട്ടിപ്പ്: 31 പേരെ അഭിമുഖം നടത്തിയെന്ന് ദിവ്യ നായർ, ശബ്ദരേഖ പുറത്ത്

By Web TeamFirst Published Dec 22, 2022, 1:21 PM IST
Highlights

താന്‍ ആരെയും ഇന്‍റര്‍വ്യൂ ചെയ്തില്ലെന്ന് ടൈറ്റാനിയം എംഡി ജോര്‍ജി നൈനാന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പ്രതികരിച്ചു

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യഇടനിലക്കാരി ദിവ്യ നായരുടെ ശബ്ദസംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 31 പേരെയാണ് ടൈറ്റാനിയത്തിലേക്ക് കൊടുത്തതെന്ന് ദിവ്യാ നായര്‍ പണം നഷ്ടപ്പെട്ടവരോട് പറയുന്ന ശബ്ദരേഖയാണ് ലഭിച്ചത്. അതില്‍ 30 പേരെയും ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്ന് ദിവ്യ പറയുന്നു. ഒരാളെ ടൈറ്റാനിയം എംഡി ജോര്‍ജി നൈനാന്‍ ഇന്‍റര്‍വ്യൂ നടത്തിയെന്നും ഇതിൽ പറയുന്നുണ്ട്. എല്ലാവരെയും പ്രേംകുമാര്‍, ശ്യാംലാല്‍ വഴിയാണ് ടൈറ്റാനിയത്തില്‍ എത്തിച്ചത്. എന്നാല്‍ താന്‍ ആരെയും ഇന്‍റര്‍വ്യൂ ചെയ്തില്ലെന്ന് എംഡി ജോര്‍ജി നൈനാന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പ്രതികരിച്ചു.

ട്രാപ്പിലിക്കാകയായിരുന്നു എന്നാണ് ദിവ്യാ നായര്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞത്. തെളിവെടുപ്പിനിടെയായിരുന്നു ദിവ്യാനായരുടെ പ്രതികരണം. എന്നാല്‍ ആരാണ് കുടുക്കിയതെന്ന് ദിവ്യ പറയുന്നില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാലിന്‍റെയും ടൈറ്റാനിയം ലീഗല്‍ ഡിജിഎം  ശശികുമാരന്‍ തമ്പിയുടെയും വീട്ടില്‍ ദിവ്യയെയും കൊണ്ട് വെഞ്ഞാറുമൂട് പോലീസ് തെളിവെടുപ്പ് നടത്തി.  ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ഏഷ്യാനെറ്റ്ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ ഇരുവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. ഇനി മുതല്‍ ടൈറ്റാനിയത്തില്‍ നേരിട്ട് നിയമനം ഉണ്ടാകില്ലെന്ന്  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് അറിയിച്ചു. ദിവ്യാ നായര്‍ പണം വാങ്ങി ടൈറ്റാനിയത്തിലേക്ക് അയച്ച 31 പേരില്‍ ഒരാളെ ടൈറ്റാനിയം എംഡിയും ഇന്‍റര്‍വ്യൂ ചെയ്തു എന്ന ഇടനിലക്കാരിയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. ആരോപണം ശരിയാണോ എന്ന് തെളിയിക്കേണ്ടത് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്.

click me!